ബഹിരാകാശ മേഖലയിൽ ഭാരതം റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുകയാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം അഭിമാനം വാനോളം ഉയർന്ന പല നിമിഷങ്ങളും പോയ വർഷം സമ്മാനിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് ഭാരതത്തിന്റെ സ്വപ്‌ന ദൗത്യം ചാന്ദ്രയാൻ 3 കുതിച്ചുയർന്നപ്പോൾ ഓരോ ഭാരതീയന്റേയും കണ്ണുകളിൽ പ്രതീക്ഷകളുടെ വെളിച്ചമായിരുന്നു തെളിഞ്ഞത്. ഒടുവിൽ 2023 ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിൽ ത്രിവർണപതാക നാട്ടി ലാൻഡർ മൊഡ്യൂളിന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി. ലോകത്തിന്റെ പല കോണുകളിലായി കിടക്കുന്ന ഓരോ ഇന്ത്യൻ പൗരനും അഭിമാനം കൊണ്ട നിമിഷമായിരുന്നു അത്.. ബഹിരാകാശ മേഖലയിൽ കടമ്പകൾ താണ്ടി നേട്ടങ്ങൾ കൊയ്യുന്ന രാജ്യമായി മുന്നേറുകയാണ് ഭാരതം. അത്തരത്തിൽ സുപ്രധാനമായ മറ്റൊരു നേട്ടമാണ് രാജ്യം ഇപ്പോൾ കൈവരിച്ചിരിക്കുന്നത്.
ജിപിഎസ് ഉപഗ്രഹങ്ങളിൽ റൂബിഡിയം അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുകയാണ്. അമേരിക്കയുടെ നാസ, യൂറോപ്യൻ യൂണിയന്റെ ഇഎസ്എ, ചൈനയുടെ സിഎൻഎസ്എ, റഷ്യയുടെ റോസ്‌കോസ്‌മോസ് എന്നിവയാണ് റൂബിഡിയം അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന മറ്റ് 4 ദേശീയ ബഹിരാകാശ ഏജൻസികൾ. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റൂബിഡിയം അറ്റോമിക് ക്ലോക്ക് ജിപിഎസ് ഉപഗ്രഹങ്ങളിൽ ഉപയോഗിക്കാൻ ഭാരതത്തിനും സാധിച്ചതോടെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യയും എലൈറ്റ് ക്ലബ്ബിൽ ചേർന്നു.
എന്താണ് അറ്റോമിക് ക്ലോക്ക് അഥവാ ആണവ ഘടികാരം, വിശദമായി അറിയാം..
കൃത്യതയിൽ വിട്ടുവീഴ്ച സംഭവിച്ചാൽ പൂർണമായും തകിടം മറയുന്നവയാണ് ബഹിരാകാശ ദൗത്യങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സമയം. ബഹിരാകാശ ദൗത്യങ്ങളെ സംബന്ധിച്ചിടത്തോളം സെക്കൻഡുകൾ പോലും പ്രധാന്യമർഹിക്കുന്നു. ദൂരം കൂടുംതോറും സിഗ്നൽ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോൾ ആശയവിനിമയം നടത്താനുള്ള സമയവും കൂടുന്നു. ഇതിനുപുറമെ ഭൂമിയിലേയും പേടകത്തിലേയും സമയം ഒരുപോലെ ആവേണ്ടതുണ്ട്. സാധാരണ പേടകങ്ങളിൽ ഉപയോഗിക്കുന്നത് ക്വാർട്‌സ് വാച്ചുകളാണ്. ഭൂമിയിൽ നിന്ന് പേടകം ഉയർന്ന് ആയിരം മണിക്കൂർ പിന്നിടുമ്പോൾ ഭൂമിയും പേടകവുമായുള്ള മൈക്രോസെക്കൻഡുകളുടെ വ്യത്യാസം അനുഭവപ്പെടും. ഈ വ്യത്യാസം പോലും ദൗത്യങ്ങളിൽ പാളിച്ചകൾ സംഭവിക്കാൻ ഇടയാക്കിയേക്കാം.
ഇവിടെയാണ് അറ്റോമിക് ക്ലോക്കിന്റെ ആവശ്യകത. പേടകത്തിലുള്ളത് അറ്റോമിക് ക്ലോക്കാണെങ്കിൽ കൃത്യതയും കൂടും. നാല് ദിവസത്തിൽ ഒരു നാനോ സെക്കൻഡ് മാത്രമാണ് വ്യത്യാസം വരിക. അതായത് ഗവേഷകരുടെ കണക്കുകൂട്ടലുകൾക്ക് കൃത്യതയുണ്ടാകാൻ അറ്റോമിക് ക്ലോക്ക് സഹായിക്കുന്നു. ഇതിലെ സമയം കണക്കാക്കി പേടകത്തിന്റെ സ്ഥാനം നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കും. കഴിഞ്ഞ വർഷമാണ് ഐഎസ്ആർഒ തദ്ദേശീയമായി അറ്റോമിക് ക്ലോക്ക് വികസിപ്പിച്ചത്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിലായിരുന്നു നിർമാണം. തദ്ദേശീയ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക്കിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. നാവിക്കിന്റെ ഒമ്പത് ഉപഗ്രഹങ്ങൾ 2013-2023 കാലയളവിനിടയിൽ വിക്ഷേപിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഇവയിൽ ഉപയോഗിച്ചത്.

കഴിഞ്ഞ വർഷം വിക്ഷേപിച്ച പത്താമത്തെ നാവിക്ക് ഉപഗ്രഹത്തിലായിരുന്നു ഭാരതം തദ്ദേശീയമായി നിർമ്മിച്ച റൂബിഡിയം അറ്റോമിക് ക്ലോക്ക് ഉപയോഗിച്ചത്. ചിന്നഗ്രഹങ്ങളിലേക്കോ, ധൂമകേതുവിലേക്കോ ഉള്ള ദൗത്യങ്ങളിലാണ് കൂടുതലായും റൂബിഡിയം അറ്റോമിക് ക്ലോക്കുകൾ ഉപയോഗിക്കുക. നിലവിൽ അമേരിക്ക രൂപകൽപന ചെയ്ത നെറ്റ്‌വർക്ക് ടൈം പ്രോട്ടോകോൾ ഉപയോഗിച്ചാണ് ഇന്ത്യയിലെ സംവിധാനങ്ങൾ പിന്തുടരുന്നത്.















