ന്യൂഡൽഹി: കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. 2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസ് സൂര്യകാന്ത് കെ.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ആവശ്യം നിരാകരിച്ചത്. കോടതിയിടപ്പെട്ട് സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ആവശ്യം തള്ളിയത്.
അതേസമയം കടമെടുപ്പിൽ കേരളം നൽകിയ പ്രധാന ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടതും തിരിച്ചടിയായി. ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാനും കോടതി തയാറായില്ല. സംസ്ഥാനത്തിന് പുറമേ നിന്ന് കടമെടുക്കാനുള്ള അധികാര പരിധി ഉണ്ടോയെന്നും ഇതിൽ കേന്ദ്രത്തിനുള്ള നിയന്ത്രണം എത്രയെന്ന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു.
ഓരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാൻ കഴിയുമെന്ന പ്രധാന ഹർജിയാണ് അഞ്ചംഗ ബെഞ്ചിന് വിട്ടത്. അടിയന്തരമായി 10,000 കോടി രൂപ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിലും സുപ്രീം കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല.