അങ്കാറ; തീവ്ര ഇസ്ലാമിക നിലപാടും അന്ധമായ പാകിസ്താൻ പ്രീണനവും പിന്തുടരുന്ന തുർക്കി പ്രസിഡന്റ് തയ്യിപ്പ് എർദോഗന് പ്രാദേശിക തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. എർദോഗന്റെ എകെ പാർട്ടിയുടെ അടിത്തറ തോണ്ടുന്ന വിജയമാണ് പ്രതിപക്ഷം നേടിയത്. രണ്ട് ദശാബ്ദത്തിലധികമായി തുർക്കിയിൽ ഭരണത്തിൽ തുടരുന്ന എർദോഗൻ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
81 പ്രവിശ്യകളിലെ 36 മുൻസിപ്പാലിറ്റികൾ പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയാണ് വിജയിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഹബ്ബായ ഇസ്താംബൂളും തലസ്ഥാന നഗരമായ അങ്കാറയും ഉൾപ്പെടെ പ്രധാന അഞ്ച് നഗരങ്ങളിലെ മേയർ സ്ഥാനവും റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേടി. തുർക്കിയുടെ ജിഡിപിയുടെ 30 ശതമാനവും സംഭാവന ചെയ്യുന്നത് ഇസ്താംബൂൾ ആണ്.
എർദോഗന്റെ തട്ടകമായിരുന്നു ഇസ്താംബൂൾ. 1994 ൽ എർദോഗൻ ഇവിടെ മേയർ ആയിരുന്നു. ജില്ലാ, മുൻസിപ്പൽ മേയർമാരെയും നഗരസഭാ കൗൺസിലർമാരെയും തെരഞ്ഞെടുക്കാൻ ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷ പാർട്ടിക്ക് 37 ശതമാനം വോട്ടുകൾ ലഭിച്ചു. എർദോഗന്റെ എകെ പാർട്ടിയുടെ വോട്ടുകൾ 2019 ൽ ലഭിച്ച 44 ശതമാനത്തിൽ നിന്ന് 36 ലേക്ക് ഇടിയുകയും ചെയ്തു
തുർക്കിയുടെ പ്രസിഡന്റായി വീണ്ടും വിജയിച്ച് ഒരു വർഷം മാത്രം പിന്നിടുമ്പോഴാണ് എർദോഗന് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതത്വവുമാണ് എർദോഗനെതിരായ വിധിയെഴുത്തിന് കാരണമായതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങളായി രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുകയാണ്. ഫെബ്രുവരിയിൽ ഇത് 70 ശതമാനമെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പണപ്പെരുപ്പം ഉയർന്നതോടെ വർദ്ധിച്ച ജീവിതച്ചിലവുകൾ തുർക്കിയിലെ ജനങ്ങളെ അസ്വസ്ഥരാക്കി തുടങ്ങിയെന്ന് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 2023 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ നിർജ്ജീവമായിരുന്ന പ്രതിപക്ഷത്തിന് പുതിയ ഊർജ്ജം നൽകുന്നതാണ് ഈ വിജയം.
2020 ൽ പാകിസ്താൻ സന്ദർശിച്ച ശേഷം കശ്മീർ വിഷയത്തിൽ ഉൾപ്പെടെ എർദോഗൻ നടത്തിയ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ അന്താരാഷ്‌ട്ര വേദികളിലും ഇന്ത്യയിലും വലിയ എതിർപ്പുകൾക്കിടയാക്കിയിട്ടുണ്ട്. എർദോഗന്റെ തീവ്ര ഇസ്ലാമിക നിലപാടുകളും ജനങ്ങളെ കൂടുതൽ അസംതൃപ്തരാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.















