തിരുവനന്തപുരം: ഷോക്കടി തുടരാൻ വൈദ്യുതി ബില്ല്. വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലായതോടെ സർച്ചാർജും തുടരും. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 19 പൈസയാകും സർച്ചാർജ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി 10 പൈസയായിരുന്നു ബോർഡ് ഈടാക്കിയിരുന്നത്. ഈ മാസവും ഇത് തുടരും. ഒപ്പം റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസകൂടി ഈടാക്കുന്നതോടെ സർച്ചാർജ് 19 പൈസയാകും. ഫെബ്രുവരിയിൽ വൈദ്യുതി വാങ്ങനായി അധികം ചെലവാക്കിയത് 28.30 കോടി രൂപയാണ്. ഈ തുക പിരിക്കാനാണ് സർച്ചാർജായി പത്ത് പൈസ ഈടാക്കുന്നത്.
25.70 പൈസയാണ് യൂണിറ്റിന് ചുമത്തേണ്ടത്. പത്ത് പൈസ മാത്രം ചുമത്താനാണ് ബോർഡിന് അധികാരമുള്ളത്. പത്ത് പൈസ പരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ കഴിഞ്ഞ വർഷം ജനുവരി മുതൽ 23.82 കോടി രൂപ കൂടി ഈടാക്കുന്നുണ്ട്. കൂടുതൽ ഈടാക്കണമെങ്കിൽ റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കണം.
തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം റെക്കോർഡിലെത്തി. 10.48 കോടി യൂണിറ്റാണ് ഒരു ദിവസം ചെലവായത്. മാർച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനുമുമ്പുള്ള റെക്കോർഡ്. ഉപഭോഗം വർദ്ധിച്ചതോടെ 22 കോടി രൂപയ്‌ക്കാണ് പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്.