എറണാകുളം: ടിടിഇ വിനോദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
മലയാള സിനിമാ രംഗത്ത് സജീവമായിരുന്നു ടിടിഇ വിനോദ്. മോഹൻലാലിനോടൊപ്പം അഞ്ച് സിനിമകളിലാണ് വിനോദ് അഭിനയിച്ചിട്ടുള്ളത്. എന്നും എപ്പോഴും, പുലിമുരുകൻ, ഒപ്പം, മിസ്റ്റർ ഫ്രോഡ്, പെരുച്ചാഴി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 14-ലധികം സിനിമകളിൽ വേഷമിട്ടിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു വിനോദ്. മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്റ്ററിലൂടെയാണ് വിനോദ് അഭിനയ രംഗത്തെത്തിയത്.
വിക്രമാദിത്യൻ, ജോസഫ്, ഹൗ ഓൾഡ് ആർ യു, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരും സുഹൃത്തുക്കളും വിനോദിന്റെ വിയോഗവാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ്. എല്ലാവരുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയായിരുന്നു വിനോദ് എന്നും, ഏറെ സ്നേഹത്തോടെ മാത്രമാണ് എല്ലാവരോടും അദ്ദേഹം ഇടപെട്ടിരുന്നതെന്നും പരിചയക്കാർ പറയുന്നു.