വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ മരിച്ചനിലയിൽ. കഴിഞ്ഞ മാസം കാണാതായ 25-കാരനെ യുഎസിലെ ക്ലീവ്ലാൻഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫത്താണ് മരിച്ചത്. ക്ലീവ്ലാൻഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ്. അമേരിക്കയിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളാണ് മരിച്ചത്. 2024-ൽ റിപ്പോർട്ട് ചെയ്യുന്ന 11-ാമത്തെ സംഭവവുമാണിത്.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അബ്ദുൾ അർഫാത്തിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരച്ചിൽ നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു. സമഗ്രമായൃ അന്വേഷണം ഉറപ്പാക്കാനായി യുഎസിലെ പ്രാദേശിക ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായത് ചെയ്യുമെന്നും കോൺസുലേറ്റ് അറിയിച്ചു.
2023 മെയ് മാസത്തിലാണ് അർഫത്ത് അമേരിക്കയിലെത്തിയത്. ക്ലീവ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. മാർച്ച് ഏഴ് മുതലാണ് അർഫാത്തിനെ കാണാതായത്. തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് വിയോഗവാർത്ത പുറത്തുവരുന്നത്.