മലയാളികൾക്ക് വിഷുക്കൈന്നീട്ടമായി തിയേറ്ററിലെത്തുന്ന ഉണ്ണിമുകുന്ദൻ ചിത്രം ജയ് ഗണേഷിന്റെ ട്രെയിലർ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ട്രെയിലർ പ്രദർശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അണിയറ പ്രവർത്തകർ തന്നെയാണ് വീഡിയോ പങ്കുവച്ചത്. ജയ് ഗണേഷ് ട്രെയിലർ ഐകണിക് സ്ക്രീനിൽ പ്രദർശിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അണിയറപ്രവർത്തകർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണിമുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഏപ്രിൽ 11-നാണ് തിയേറ്ററുകളിലെത്തുന്നത്. രഞ്ജിത്ത് ശങ്കർ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് താരമുൾപ്പെടെയുള്ള അണിയറപ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രണ്ട് ദിവസം മുമ്പ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോ, പേടിഎം മൂവീസ്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. ഉണ്ണിമുകുന്ദൻ തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.















