ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മൂന്നാം വട്ടവും നാലാം വട്ടവും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എന്‍ഡിഎ സര്‍ക്കാരിനെ നയിക്കുമെന്നും, ജനങ്ങള്‍ ആഗ്രഹിക്കുന്നത് വരെ അദ്ദേഹം തന്റെ സേവനം തുടരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ പേരും യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും, അത് ഇനിയും തുടരുമെന്നാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
” ജനങ്ങള്‍ മോദിജിയെ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഒരു തരം ആകര്‍ഷണമാണത്. ജനങ്ങള്‍ എന്നും അദ്ദേഹത്തോടൊപ്പമുണ്ട്. നരേന്ദ്രമോദി ഇനിയും ഇവിടെ തന്നെ ഉണ്ടാവുകയും ചെയ്യും. മൂന്നാം വട്ടവും നാലാം വട്ടവും എന്‍ഡിഎ സര്‍ക്കാരിനെ നയിക്കും. ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും ആഗ്രഹിക്കുന്നത് അദ്ദേഹം ആ സ്ഥാനത്ത് തുടരുക തന്നെ ചെയ്യുമെന്നും” രാജ്നാഥ് സിംഗ് പറയുന്നു.
വരുന്ന തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി മികച്ച പ്രകടനം തന്നെ കാഴ്ച വയ്ക്കുമെന്നും രാജ്നാഥ് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ” ബിജെപി ഇക്കുറി ദക്ഷിണേന്ത്യയില്‍ മികച്ച പ്രകടനം നടത്തും. കര്‍ണാടകയില്‍ നല്ലൊരു ശതമാനം സീറ്റുകളും സ്വന്തമാക്കും. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി വോട്ട് വിഹിതം ഉള്‍പ്പെടെ വര്‍ദ്ധിപ്പിക്കും.
ബിജെപി കുടുംബത്തിലേക്ക് മറ്റ് പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ കടന്നു വരുന്നതിനെ ഒരിക്കലും എതിര്‍ക്കില്ല. ബിജെപിക്ക് കൃത്യമായ ഒരു പ്രത്യയശാസ്ത്രമുണ്ട്. കൃത്യമായ ലക്ഷ്യബോധത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. വികസിത് ഭാരതം എന്ന സൃഷ്ടിയിലേക്കുള്ള യാത്രയില്‍ ആര്‍ക്കും ബിജെപിക്ക് ഒപ്പം ചേരാമെന്നും ” രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.