മുംബൈ: റെക്കോർഡിട്ട് രാജ്യത്ത് മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപം. 2018ന് ശേഷം മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപത്തിൽ 150 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. നിലവിൽ സീനിയർ സിറ്റസൺ വിഭാഗത്തിൽപ്പെടുന്ന 7.4 കോടി ഡപ്പോസിറ്റ് അക്കൗണ്ടുകളാണ് ഉള്ളത്. ഇതിൽ ആകെ 34.37 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉള്ളതായി എസ്ബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018 ൽ ഇത് 13. 72 ലക്ഷം കോടി രൂപയായിരുന്നു. 150. 4 ശതമാനമാണ് ഉയർച്ച.
മുതിർന്ന പൗരൻമാർക്ക് ഫിക്സഡ് ഡപ്പോസിറ്റിന് നൽകുന്ന അധികപലിശ, പ്രത്യേക നിക്ഷേപ പദ്ധതികൾ എന്നിവയെല്ലാം നേട്ടത്തിന് വഴിവെച്ചു. സീനിയർ സിറ്റിസൺ വിഭാഗത്തിന്റെ ശരാശരി നിക്ഷേപത്തിലും കാര്യമായ വർദ്ധനവാണ് ഉള്ളത്. 2018 ൽ 3.3 ലക്ഷമായിരുന്നത് നിലവിൽ 4.6 ലക്ഷമായി വർദ്ധിച്ചു. 38.7 ശതമാനമാണ് വളർച്ച.
മുതിർന്ന പൗരന്മാരുടെ 2.7 കോടി അക്കൗണ്ടുകളിൽ ഒരു ലക്ഷത്തിൽ താഴെയാണ് നിക്ഷേപം. 4.6 കോടി അക്കൗണ്ടുകളിൽ ഒന്നിനും 15 ലക്ഷത്തിനും ഇടയിൽ തുകയുണ്ട്. 30 ലക്ഷം അക്കൗണ്ടുകളിൽ 15 ലക്ഷം മുതൽ 30 ലക്ഷം വരെയുണ്ട്. ഒരു കോടി രൂപയ്ക്ക് മുകളിൽ സ്ഥിര നിക്ഷേപമുള്ളത് ഒരു ലക്ഷം അക്കൗണ്ടുകളിലാണ്.