ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു ഫ്ലാറ്റിലെ കെയർ ടേക്കറിന്റെ ജീവിത്തതിലെ സംഭവ ബഹുലമായ നിമിഷങ്ങളാണ് ട്രെയിലറിലുള്ളത്. മുമ്പത്തെ ദിലീപ് ചിത്രങ്ങളിലേതുപോലെ കോമഡിക്കാണ് പ്രാധാന്യം നൽകുന്നത്. നർമ്മരസമായ നിരവധി ഭാഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രം ഏപ്രിൽ 26-നാണ് തിയേറ്ററിലെത്തുന്നത്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് പുതുമുഖ നായികമാർ. തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് രാഘവനാണ്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെതന്നെ ഒരു കെയർ ടേക്കറുടെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തിന്റെ രസകരമായ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഈണം നൽകുന്നത് മിഥുൻ മുകുന്ദനാണ്.