കാർബൺ- കാർബൺ നോസിൽ വികസിപ്പിച്ച് ഇസ്രോ. പിഎസ്എൽവിയുടെ അടക്കം പേ ലോഡ് ശേഷി 15 കിലോഗ്രാം വരെ ഉയർത്താൻ കഴിയുന്ന നോസിലാണ് ഐഎസ്ആർഒ വികസിപ്പിച്ചത്. ഇസ്രോയുടെ ഭാവിക്ക് മുതൽക്കൂട്ടാണ് പുത്തൻ കണ്ടെത്തലെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
റോക്കറ്റ് എഞ്ചിന്റെ നോസിലുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുവിലും അതിന്റെ ഭാരത്തിനും നോസിലിന്റെ രൂപത്തിലുമെല്ലാം എഞ്ചിന്റെ കാര്യക്ഷമത പ്രധാനമാണ്. ഏതെങ്കിലുമൊരു ലോഹം വച്ചോ ലോഹസങ്കരം വച്ചോ നോസിലുണ്ടാക്കാൻ സാധിക്കില്ല. ഉയർന്ന താപനില താങ്ങാൻ കഴിയണം. ഭാരം കുറവായിരിക്കണം. ഈ രംഗത്ത് നിർണായക ചുവടുവെപ്പാണ് ഇസ്രോ നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ഭാരം കുറഞ്ഞ കാർബൺ-കാർബൺ (CC) നോസിൽ വികസിപ്പിച്ചത്. ഭാരതം ആദ്യമായാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. നിലവിൽ പിഎസ്എൽവിയുടെ നാലാം ഘട്ടത്തിൽ ഉപയോഗിക്കുന്ന കൊളംബിയം അലോയ് നോസിലുകളുള്ള ഇരട്ട എഞ്ചിനുകളേക്കാൾ 67 ശതമാനം വരെ ഭാരം കുറവാണ് പുതിയ നോസിലുകൾക്ക്.
ആൻ്റി-ഓക്സിഡേഷൻ സിലിക്കൺ കാർബൈഡ് കോട്ടിംഗാണ് CC നോസിലിൻറെ പ്രധാന സവിശേഷത. താപനിലയെയും മറ്റ് തടസങ്ങളെും പ്രതിരോധിക്കാൻ ഈ കോട്ടിംഗിന് സാധിക്കുന്നു. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇവ സഹായിക്കും.