പവർഫുൾ ഡാൻസിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ലീലാമ്മയ്ക്ക് സിനിമയിൽ നിന്ന് വിളിയെത്തി. മോഹൻലാൽ അഭിനയിക്കുന്ന ചിത്രം ഉൾപ്പടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചത്. ‘ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു…” എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ചാണ് 64 കാരി മലയാളികളുടെ മനം കവർന്നത്.
രണ്ട് ദിവസം മുമ്പ് പട്ടാമ്പിയിൽ ബന്ധുവിന്റെ വിവാഹത്തിന് കളിച്ച ലീലാമ്മയുടെ നൃത്തമാണ് തരംഗമായത്. സീരിയൽ നടനായ അവ്വൈ സന്തോഷ് പറഞ്ഞതിനെ തുടർന്നാണ് സാരി മടക്കിക്കുത്തി സ്റ്റേജിൽ നിറഞ്ഞാടിയത്. നൃത്തം പഠിക്കാത്ത ലീലാമ്മയുടെ പവർഫുൾ പെർഫോൻസിനെ നിറഞ്ഞ കൈയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്. ഇതിന് മുൻപ് കളിച്ച ഡാൻസ് മകൻ മൊബൈലിൽ പകർത്തിയിരുന്നെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നില്ല.
കലയുമായി ബന്ധമുള്ള കുടുംബമാണ് ലീലാമ്മയുടേത്. ഭർത്താവ് പരേതനായ ജോൺ കെ. പള്ളിക്കര നാടക നടനായിരുന്നു . ഡാൻസ് ശ്രദ്ധിക്കപ്പെട്ടതോടെ യൂട്യൂബ് ചാനലുകാരുടെയും സന്ദർശകരുടേയും ബഹളമാണ് വീട്ടിൽ. കാക്കനാട് പള്ളിക്കരയാണ് കുടുംബം താമസിക്കുന്നത്. സിനിമയിൽ നിന്ന് വിളി വന്നപ്പോൾ അമ്മയല്ല ഫോണെടുത്തതെന്ന് മകൻ സന്തോഷ് പറഞ്ഞു. ആരാണ് വിളിച്ചതെന്നോ സംവിധായകൻ ആരെന്നോ തിരക്കിയില്ല. വിളിച്ചവരിൽ ഒരാൾ നേരിട്ടു വീട്ടിൽ വന്നു സംസാരിക്കാമെന്നു പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലീലാമ്മയുടെ നൃത്ത വീഡിയോ കുഞ്ചാക്കോ ബോബൻ, റഹ്മാൻ തുടങ്ങി നിരവധി പേർ ഷെയർ ചെയ്തിരുന്നു.