ഹാസ്യരംഗത്ത് നിന്ന് സിരീയസ് വേഷത്തിലെത്തി മലയാളികളുടെ മനസിൽ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് ഇന്ദ്രൻസ്. അടുത്തിടെ ഇന്ദ്രൻസിന്റേതായി പുറത്തുവന്ന എല്ലാ ചിത്രങ്ങളിലും സിരീയസ് വേഷങ്ങളാണ് അഭിനയിച്ചിരുന്നത്. ഹോം, ഉടൽ തുടങ്ങിയ ചിത്രങ്ങളിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടത്. വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് ഇന്ദ്രൻസ് എന്ന അതുല്യ പ്രതിഭ.
ഇന്ദ്രൻസിനെ നായകനാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ‘സൈലന്റ് വിറ്റ്നസ്’. ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.” അറിയാതെ നമ്മൾ” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ചിത്രത്തിൽ ഏറെയും പുതുമുഖങ്ങളാണ്. ഒരു ഗ്രാമത്തിൽ നടക്കുന്ന ഇൻവെസ്റ്റിഗേഷനാണ് ചിത്രത്തിന്റെ പ്രമേയം. അനിൽ കാരക്കുളവും എംകെ റോയിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ബിനി ശ്രീജിത്തിന്റെ വരികൾക്ക് ലിബിൻ സ്കറിയയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ചു പത്രോസ്, മീനാക്ഷി ദിനേശ്, അഞ്ജലി നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ഫീൽ ഫ്ലയിംഗ് എൻ്റർടെയിൻമെൻ്റ്സിന്റെ ബാനറിൽ ബിനി ശ്രീജിത്താണ് ചിത്രം നിർമിക്കുന്നത്.