11 വർഷങ്ങൾക്ക് മുമ്പ് ബോളിവുഡിൽ നിന്നൊരു പ്രണയ ചിത്രം പുറത്തിറങ്ങിയിരുന്നു. പ്രണയത്തിന്റെ മാജിക്കുമായി വന്നെത്തി ആരാധകരെ സ്വന്തമാക്കിയവർ. ഇന്നും പ്രേക്ഷകർ ഓർക്കുന്ന ചിത്രമാണ് ആഷിഖ്വി-2. 1990-ൽ പുറത്തിറങ്ങിയ ആഷിഖ്വി എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായാണ് ആഷിഖ്വി-2 പുറത്തിറങ്ങിയത്. മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്.
പ്രണയത്തിന്റെ മായാജാലം തീർത്ത ചിത്രം തിയേറ്ററിലെത്തിയിട്ട് ഇന്ന് 11 വർഷം തികയുകയാണ്. ആദിത്യ റോയ് കപൂർ, ശ്രദ്ധ കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 2013-ലാണ് പുറത്തിറങ്ങിയത്. മോഹിത് സുരിയാണ് ചിത്രത്തിന്റെ സംവിധായകൻ.
സിനിമയേക്കാൾ ആരാധകർ ഇരും കയ്യും നീട്ടി സ്വീകരിച്ചത് ചിത്രത്തിലെ ഗാനങ്ങളായിരുന്നു. മധുരമേറിയ ഈണവും ഹൃദയസ്പർശിയായ വരികളും തീർത്ത മനോഹരമായ ഗാനങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. പൊതുവെ ബോളിവുഡ് സിനിമകൾക്ക് മലയാളികൾക്കിടയിൽ വലിയ ജനപ്രീതിയാണ് ഉണ്ടാകാറുള്ളത്. ആഷിഖ്വി -2 വിനും മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മുൻ പന്തിയിൽ നിൽക്കുന്ന പ്രണയ ഗാനങ്ങളുടെ പട്ടികയിൽ ആഷിഖ്വി -2-ലെ ഗാനങ്ങളും ഇടംപിടിച്ചിരുന്നു.
സംഗീത ലോകത്തുള്ള രണ്ട് പേരുടെ ജീവിതമാണ് ആഷിഖ്വി -2 പറയുന്നത്. ലഹരിക്ക് അടിമയായ ഗായകന്റെയും സംഗീതത്തെ ജീവിത മാർഗമാക്കുന്ന സാധാരണ പെൺകുട്ടിയുടെയും കഥയാണിത്. ഷഗുഫ്ത റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ജീത് ഗാംഗുലി, മിഥൂൻ, അങ്കിത് തിവാരി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ആഗോളതലത്തിൽ 109 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.