എറണാകുളം: യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. തമ്മനം സ്വദേശി മനീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജിതേഷ്, ആഷിത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മനീഷിന്റെ സുഹൃത്ത് അജിത്ത് ആന്റണിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി മനീഷിന്റെ വീടിന്റെ പരിസരത്ത് വച്ച് യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. വാക്കുത്തർക്കം പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പ്രതികൾ അജിത്തിനെയും കുത്തി പരിക്കേൽപ്പിച്ചു. എന്നാൽ ഇയാൾ ഓടി വീട്ടിൽ കയറി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആന്റണിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചുകുത്തേറ്റ് വീണ മനീഷിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിതേഷാണോ ആഷിതാണോ കുത്തിയതെന്ന് വ്യക്തമല്ലെന്നും പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.