അന്താരാഷ്ട്ര നൃത്ത ദിനത്തിൽ ഡാൻസ് വീഡിയോ പങ്കുവച്ച് ആശംസകളുമായി ബോളിവുഡ് നടനും ഡാൻസറുമായ ഷാഹിദ് കപൂർ. ‘ഇഷ്ക് വിഷ്കിൽ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത് മുതൽ അഭിനേതാവായും നർത്തകനായും പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ ഷാഹിദ് കപൂറിന് സാധിച്ചു. നായകനായി എത്തുന്നതിന് മുമ്പ് തന്നെ ‘ദിൽ തോ പാഗൽ ഹേ’, ‘താൽ’ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങൾ ഷാഹിദ് ചെയ്തിട്ടുണ്ട്.
അഭിനേതാവ് എന്നതിലുപരി ഒരു ഡാൻസറായാണ് ഷാഹിദ് ആരാധകർക്കിടയിൽ നിറസാന്നിധ്യമായത്. ഇന്റർനാഷണൽ ഡാൻസ് ഡേയിൽ ആരാധകർക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഷാഹിദ്. സീ സിനി അവാർഡ് 2024 പരിപാടിയിലെ റിഹേഴ്സൽ വീഡിയോയാണ് ഷാഹിദ് പങ്കുവച്ചത്. ‘ബീറ്റ് പീ ഫീറ്റ്’ എന്ന് കുറിച്ചുകൊണ്ട് അതിമനോഹരമായ ഡാൻസ് വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
പ്രശസ്ത കൊറിയോഗ്രാഫർ ഷിയമാക് ദാവറിന്റെ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഷാഹിദിന്റെ ഡാൻസ് പരിശീലനം ആരംഭിച്ചത്. സല്യൂട്ട്’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദേവ എന്ന ചിത്രത്തിലാണ് ഷാഹിദ് നിലവിൽ അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത്. ചിത്രം ഈ വർഷം ഒക്ടോബറിലായിരിക്കും തിയേറ്ററുകളിലെത്തുക.
‘തേരി ബാറ്റൺ മേ ഐസാ ഉൽജാ ജിയ’ എന്ന ചിത്രത്തിലാണ് ഷാഹിദ് അവസാനമായി അഭിനയിച്ചത്. റോബോട്ടിനെ പ്രണയിക്കുന്ന വ്യക്തിയായാണ് അതിൽ ഷാഹിദ് എത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിലും മറ്റും ഏറെ ശ്രദ്ധേയമായ ചിത്രത്തിൽ കൃതി സനോനായിരുന്നു നായിക.