രജനികാന്തിന്റെ വരാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് വേട്ടയ്യൻ. ടിജെ ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന വേട്ടൈയന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അണിയറപ്രവർത്തകരാണ് ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രം പങ്കുവച്ചുകൊണ്ട് ഇക്കാര്യം പങ്കുവച്ചത്.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. രജനികാന്തും മറ്റ് താരങ്ങളും ഉൾപ്പെടുന്ന ഷൂട്ടിംഗിനിടയിലെ ചിത്രമാണ് അണിയറപ്രവർത്തകർ പങ്കുവച്ചത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുക എന്നാണ് പുറത്തുവരുന്ന വിവരം. അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, ദുഷാര വിജയൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
വേട്ടയ്യൻ ഓഗസ്റ്റിലാണ് തിയേറ്ററുകളിലെത്തുന്നത്. ഹൈദരാബാദിലും ആന്ധ്രാപ്രദേശിലെ കടപ്പയിലുമാണ് വേട്ടയ്യന്റെ അവസാനഘട്ട ചിത്രീകരണം നടന്നത്. ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. രജനികാന്ത് നായകനാവുന്ന 170-ാമത്തെ ചിത്രമാണ് വേട്ടയ്യൻ. ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.