തിരുവനന്തപുരം: റോഡിലെ അഭ്യാസ പ്രകടനം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ഹീറോ ആകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാറശാല സ്വദേശി 22-കാരൻ അഭിജിത്തിനെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. കരമന-കളിയിക്കാവിള ദേശീയപാതയിൽ നമ്പർ പ്ലേറ്റില്ലാതെയായിരുന്നു അഭിജിത്തിന്റെ ബൈക്ക് റേസിംഗ്.
കഴിഞ്ഞ 21-നാണ് സംഭവം. എതിർദിശയിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസ്, കാറുകൾ എന്നിവയുടെ അരികിലൂടെ പറക്കുന്ന യുവാവ് പലയിടത്തും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ഈ വീഡിയോ, ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ എസ്ഐ ബിജു പൗലോസ് ‘എടാ മോനെ, നമുക്ക് ഉടനെ കാണം’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ഔദ്യോഗിക പേജിലൂടെയും ബൈക്ക് റേസിംഗ് വീഡിയോ പങ്കുവച്ചിരുന്നു.
അഭിജിത്തിന്റെ ബൈക്കിന് തൊട്ടുപിന്നാലെ അതേ വേഗത്തിൽ പാഞ്ഞാ മറ്റാരോ ആണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അവരെ കണ്ടെത്തി അവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. അഭിജിത്തിന്റെ പേരിൽ മറ്റെന്തെങ്കിലും പരാതികളോ കേസുകളോ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ബൈക്ക് കസ്റ്റഡിയിൽ തന്നെയാണ്.