ഭാര്യയുടെയും അഞ്ച് വയസുകാരൻ മകന്റെയും മൂന്ന് സഹോദരിമാരുടെ ഏക ആശ്രയമായിരുന്ന മനുഷ്യനെയാണ് ഭീകരസംഘം തോക്കിൻ മുനയിൽ ഇല്ലാതാക്കിയത്. തന്റെ മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിന് പുറപ്പെടാനിരിക്കേയാണ് പൂഞ്ച് ഭീകരാക്രമണത്തിൽ കോർപ്പറൽ വിക്കി പഹാഡെ എന്ന 33-കാരൻ വീരമൃത്യു വരിച്ചത്.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ നോനിയ-കർബൽ ഗ്രാമത്തിലെ സാധാരണ കുടുംബത്തിലാണ് പഹാഡെ ജനിച്ചുവളർന്നത്. നന്നേ ചെറുപ്പം മുതൽക്കേ രാജ്യത്തിനെ സേവിക്കണമെന്ന് സ്വപ്നം കണ്ട പഹാഡെ 2011-ലാണ് സേനയുടെ ഭാഗമാകുന്നത്. സഹോദരിയുടെ വിവാഹത്തിനാണ് ഇതിന് മുൻപ് പഹാഡെ വീട്ടിലെത്തിയത്.
സമ്മാനപ്പൊതികളുമായി വീണ്ടും വീട്ടിലേക്ക് മടങ്ങാനിരിക്കേയാണ് കുടുംബത്തിന് തീരാനോവായി പഹാഡെയുടെ വിയോഗം. അച്ഛന്റെ വരവും കാത്തിരിക്കുന്ന ആ കുഞ്ഞിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ നിസഹായരാണ് പഹാഡെയുടെ കുടുംബം.
ഇന്നലെയാണ് പൂഞ്ച് മേഖലയിലെ സുരാൻകോട്ടയിൽ വ്യോമസേന വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.















