മലയാളത്തിന്റെ താരജോഡികളായ ജയറാം- പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായത്. ദിവസങ്ങൾ നീണ്ട ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം നടന്നത്. വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരപുത്രിയും ഭർത്താവ് നവനീതും. ഇതിന്റെ ചിത്രവും മാളവിക സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
അങ്ങനെ അതിന് അവസാനം എന്ന അടിക്കുറിപ്പോടെയാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. യുകെയിലെ ചാർട്ടേഡ് അക്കൗണ്ടന്റാണ് പാലക്കാട് സ്വദേശിയായ നവനീത്. മലയാള സിനിമാ ലോകത്ത് നിന്ന് വൻ താരനിര തന്നെയാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വിവാഹത്തിന് ശേഷം നടന്ന വിരുന്നിലും താരങ്ങൾ പങ്കെടുത്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ കുടുംബത്തോടൊപ്പമാണ് വിവാഹഘോഷത്തിനെത്തിയത്.
മാളവികയുടെയും നവനീതിന്റെയും വിവാഹനിശ്ചയവും സമൂഹമാദ്ധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. കാളിദാസിന്റെ വിവാഹ നിശ്ചയവും അടുത്തിടെയാണ് നടന്നത്. മോഡൽ തരിണി കലിംഗരായരുമായിട്ടാണ് കാളിദാസിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.