ഹനുമാൻ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തേജസജ്ജ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് മിറൈ. ഹനുമാന്റെ അതേ വിജയ പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അതുപോലെ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ മലയാള സിനിമാ ലോകത്ത് നിന്ന് ഒരു യുവതാരം കൂടി വേഷമിടുമെന്നാണ് പുറത്തുവരുന്ന വിവരം. മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനാണ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നത്.
കാര്‍ത്തിക് ഗട്ടംനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിബാബുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയാണ് ചിത്രം നിർമിക്കുന്നത്. ‘സീക്രട്ട് 9’ എന്നറിയപ്പെടുന്ന അശോക രാജാവിന്റെ യുദ്ധവിമാനത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. മൗര്യ രാജവംശത്തിലെ അശോക രാജാവിന്റെ ജീവിത യാഥാർത്ഥ്യത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ 18-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഈ വർഷത്തെ സർപ്രൈസ് ഹിറ്റായിരുന്നു തേജ സജ്ജ നായകനായ ഹനുമാൻ. ആഗോള ബോക്സോഫീസിൽ 300 കോടിയാണ് ചിത്രം നേടിയത്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ച പ്രശാന്ത് വര്‍മയാണ് ഹനുമാൻ സംവിധാനം ചെയ്തത്.