തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. വിജയ് ദേവരക്കൊണ്ടയുടെ ജന്മദിനമായ ഇന്നാണ് പ്രഖ്യാപനം നടന്നത്. വിഡി14 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ സംകൃത്യനാണ്. ചിത്രത്തിന്റെ കൺസെപ്റ്റ് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഒരു യോദ്ധാവിന്റെ ശിൽപം പോസ്റ്ററിൽ കാണാം. 1854-78 കാലഘട്ടത്തിൽ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നതെന്നാണ് സൂചന. ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം എന്ന അടിക്കുറിപ്പോടെയാണ് അണിയറ പ്രവർത്തകർ കൺസെപ്റ്റ് പോസ്റ്റർ പങ്കുവച്ചത്. പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവീസാണ് പുതിയ ചിത്രം നിർമ്മിക്കുന്നത്.
ടാക്സിവാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് ദേവരക്കൊണ്ടയും സംവിധായകൻ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.