കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ’. ഒരു കൊലപാതകക്കേസ് അന്വേഷിക്കുന്നതിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ഇൻവെസ്റ്റിഗേഷൻ പടമാണിത്. ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.
പ്രേക്ഷകരെ മുൾമുനയിലെത്തിക്കുന്ന ചിത്രമായിരിക്കും സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. 35 വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെന്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്തിരുന്ന റിട്ട. ഉദ്യോഗസ്ഥനായാണ് ഷാജോൺ ചിത്രത്തിലെത്തുന്നത്. ഔദ്യോഗിക വിരമിക്കലിന് ശേഷം സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച് പൊലീസ് ഡിപ്പാർട്ട്മെന്റിനെ സഹായിക്കുന്നതാണ് സിനിമ.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അനുമോൾ, സുധീർ കരമന, പ്രേം കുമാർ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ, ബാദ്ഷാ അരുൺ പുനലൂർ, കല്യാൺ എന്നിവരും ചിത്രത്തിൽ പ്രധാവ വേഷത്തിലെത്തുന്നുണ്ട്. എഡി 1877 സെൻസ് ലോഞ്ച് എന്റെർടൈൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.