കേരളത്തിലെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം . ഏഴരപ്പൊന്നാനപ്പുറത്ത് എഴുന്നള്ളുന്ന ഭാരതത്തിലെ ഏകദേവനാണ് ഏറ്റുമാനൂരപ്പന്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഇതുതന്നെ. ആസ്ഥാന മണ്ഡപത്തില്‍ കാണിക്കയര്‍പ്പിക്കുന്നുവെന്നതും ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. വെറും കൈയ്യോടെ വന്ന് ഏറ്റുമാനൂരപ്പനെ തൊഴരുതെന്നും മറിച്ച് ഒരു കൂവളത്തില എങ്കിലും ഭഗവാനു സമർപ്പിക്കണം എന്നാണ് ഇവിടുത്തെ വിശ്വാസം. കൊടുക്കുന്നതിനു ഇരട്ടിയായി ഭഗവാൻ തിരിച്ചു തരും എന്നത് കാലങ്ങളായുള്ള ഉറച്ച വിശ്വാസവുമാണ്.
ജന്മനാളിലെ ദോഷം നീങ്ങാനും ഐശ്വര്യവും സമ്പൽസമൃദ്ധിയുമുണ്ടാകാനുമാണ് ഭഗവാന് പറയിടീൽ വഴിപാട് സമർപ്പിക്കുന്നത് . അഞ്ച് പറ സമർപ്പിക്കുന്നതിന് അയിമ്പറ അല്ലെങ്കിൽ അൻപൊലി എന്നാണ് പറയുന്നത്. ഏറ്റുമാനൂരപ്പനു ഏറെ പ്രധാനമാണ് അയിമ്പറ. നെല്ലുൾപ്പെടെ അവിൽ, മലർ, ശർക്കര, പഴം തുടങ്ങിയവയാണ് അയിമ്പറയിൽ ഉൾപ്പെടുന്നത്. ആഗ്രഹപൂർത്തീകരണത്തിനും ഭക്തർ വഴിപാടായി അൻപൊലി നടത്താറുണ്ട്.
പറയിൽ നിറയ്ക്കുന്ന ഓരോ വസ്തുക്കൾക്കും ഓരോ ഫലങ്ങളാണ്. കുടുംബത്തിൽ ഐശ്വര്യവും ഉയർച്ചയും ഉണ്ടാകാനാണ് നെൽപറ വയ്ക്കുന്നത്. ശത്രുദോഷം മാറുന്നതിനു വേണ്ടിയാണ് ശർക്കര പറയും, ദാരിദ്ര്യം മാറുന്നതിന് അവിൽ പറയും രോഗശമനത്തിനു മലർ പറയും, കാർഷിക അഭിവൃദ്ധിയ്ക്ക് പഴം പറയുമാണ് വയ്ക്കുന്നത്.















