വെറും പാഴ്‌ച്ചെടിയായി നാം കരുതുന്ന സർപ്പഗന്ധി ഹിമാലയസാനുക്കളിൽ കാണപ്പെടുന്ന ഔഷധ സസ്യമാണ് . വേരിലാണ് ഔഷധ ഗുണമേറെയും. എന്നാൽ ഇന്ന് വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലും സർപ്പഗന്ധി ഉൾപ്പെട്ടിട്ടുണ്ട്. പല രോഗങ്ങൾക്കുമുള്ള മറുമരുന്നാണ് സർപ്പഗന്ധി. നാട്ടുവൈദ്യത്തിൽ വളരെ വലിയ പങ്കാണ് ഇത് വഹിക്കുന്നത്.
രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിൽ ഈ സസ്യത്തിന് വലിയ പങ്കുണ്ട്. സർപ്പഗന്ധിയിൽ നിന്ന് ലഭിക്കുന്ന സെർപ്പാലിൻ ആണ് രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് സഹായിക്കുന്നത്. ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾക്കും സർപ്പഗന്ധി സഹായകമാണ്. ഇതിന്റെ വേര് ചവയ്‌ക്കുന്നത് ഹൃദയാഘാതം പോലുള്ളവയെ നിയന്ത്രിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഉറക്കം മെച്ചപ്പെടുത്താനും സർപ്പഗന്ധി സഹായിക്കും. ഉറക്കക്കുറവ് ഉള്ളവർക്ക് 250 മില്ലി ഗ്രാം വീതം രണ്ട് നേരമായി കഴിക്കാവുന്നതാണ്. ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാനും ഇത് സഹായിക്കും. സർപ്പ വിഷത്തിനും പരിഹാരം കാണാൻ ഇത് ഉപയോഗിക്കാറുണ്ട്. വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണാനും സർപ്പഗന്ധി ഉപയോഗിക്കാം. പ്രാണി കടിയേറ്റാൽ മരുന്നായും ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും സർപ്പഗന്ധി നല്ലതാണ്.
എന്നാൽ ചെറിയ കുട്ടികളും ഗർഭിണികളും കാൻസർ രോഗികൾ തുടങ്ങിയവർ സർപ്പഗന്ധി ഉപയോഗിക്കാതിരിക്കേണ്ടതാണ്. ചികിത്സയ്‌ക്ക് അമിതമായി ഉപയോഗിക്കുന്നത് സർപ്പഗന്ധിയിൽ നിന്നുള്ള വിഷബാധയ്‌ക്ക് കാരണമാകും. ചിലരിൽ ഓക്കാനം, മോഹാലസ്യം, ശ്വാസംമുട്ടൽ എന്നിവയ്‌ക്കും ചിലപ്പോൾ അബോധാവസ്ഥയിൽ അകാൻ വരെ സാധ്യതയുണ്ട്.















