മുംബൈ: സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് വിമാനയാത്രക്കാരി. ക്രൂ അംഗങ്ങളോടും മറ്റ് യാത്രക്കാരോടും മോശമായി പെരുമാറിയതിനെ തുടർന്ന് യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കുമ്പോഴായിരുന്നു ഇവർ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ ആകാശ എയറിലായിരുന്നു സംഭവം.
വിമാനത്തിൽ കയറിയതിന് പിന്നാലെ യാത്രക്കാരി സഹയാത്രികരോട് മോശമായി പെരുമാറുകയായിരുന്നു. സഹയാത്രികരോട് തട്ടിക്കയറിയും അസഭ്യം പറഞ്ഞും പ്രശ്നങ്ങളുണ്ടാക്കിയതോടെ ക്രൂ അംഗങ്ങൾ ഇടപെട്ടു. ‘പ്രശ്നക്കാരിയെ’ വിമാനത്തിൽ നിന്ന് പുറത്താക്കാൻ ജീവനക്കാർ തീരുമാനിച്ചു. ഇതിനായി സുരക്ഷാ ജീവനക്കാരൻ എത്തുകയും യാത്രക്കാരിയെ പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് ഇവർ കടിച്ചത്. ഇതോടെ വിമാന ജീവനക്കാർ പൊലീസിനെ വിളിച്ചുവരുത്തി. ഇവർ യാത്രക്കാരിയെ പിടികൂടുകയും ചെയ്തു.
കാരണമില്ലാതെ പ്രകോപിതയായി പ്രശ്നമുണ്ടാക്കിയ വിമാനയാത്രക്കാരി മാനസികമായി വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ മെഡിക്കൽ പരിശോധന ആരംഭിച്ചതായും പൊലീസ് അറിയിച്ചു.















