തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ഒറ്റക്കല്ലിൽ തീർത്ത പതിനഞ്ചര അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ ജൂൺ 21 , 22 തിയ്യതികളിൽ നടക്കും. 2024 ജൂൺ 21 ന് ആരംഭിക്കുന്ന ചടങ്ങുകൾ, ജൂൺ 22 ന് പൗർണ്ണമി നാളിൽ രാവിലെ 11 മണി മുതൽ 12 മണി വരെ നീളുന്ന പ്രാണ പ്രതിഷ്ഠയോടെ പൂർത്തിയാകും.
ലോക പ്രശസ്ത ശനീശ്വര ക്ഷേത്രമായ മഹാരാഷ്‌ട്രയിലെ ശ്രീ ശനി ശിഖ്നാപൂർ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻമാരായ സഞ്ജയ് പത്മാകർ ജോഷി, സന്ദീപ് ശിവാജി മുല്യ ,വിശ്വനാഥ് ബ്രഹ്മചാരി തുടങ്ങിയ പ്രമുഖ ആചാര്യന്മാർ പ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
ശനീശ്വര വിഗ്രഹത്തിനോപ്പം വാഹനമായ കാക വിഗ്രഹത്തിനും പ്രാണ പ്രതിഷ്ഠ നടത്തും. അഞ്ചടി ഉയരവും പന്ത്രണ്ട് അടി നീളവുമുള്ള കാക വിഗ്രഹമാണ് പൗർണ്ണമിക്കാവിൽ പ്രതിഷ്ഠ നടത്തുവാൻ പോകുന്നത്. ഇതോടെ കാകയുടെ ഏറ്റവും വലിയ വിഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രമായി പൗർണമിക്കാവ്മാറും .















