തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രതിപക്ഷ നേതാവാക്കിയാണ് കോൺഗ്രസ് പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം മുതൽ കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രോടേം സ്പീക്കറാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
‘കോൺഗ്രസിലെ ഏറ്റവും സീനിയർ എം. പി, മിടുക്കൻ, സർവ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും ‘കുടുംബ’ വീടായ കേരളത്തിൽ നിന്നുള്ള അംഗം. ഏത് നിലയ്‌ക്കുനോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്. രണ്ടുദിവസത്തേക്കുള്ള പ്രോടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ് പാർട്ടി പ്രകടിപ്പിക്കേണ്ടത്. പ്രിയ സുഹൃത്ത് കൊടിക്കുന്നിൽ സുരേഷിന് മുൻകൂറായി സർവ്വമംഗളങ്ങളും നേരുന്നു.’- കെ സുരേന്ദ്രൻ കുറിച്ചു.
ബിജെപി എംപി ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച രാഷ്‌ട്രപതിയുടെ തീരുമാനത്തിന് പിന്നാലെയാണ് കോൺഗ്രസ് വിമർശനങ്ങളുമായി രംഗത്ത് എത്തിയത്. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗമായതിനാൽ കൊടിക്കുന്നിൽ സുരേഷിനെ പ്രോ-ടേം സ്പീക്കറായി നിയമിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ വാദം.















