കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി കോഴിക്കോട്. ഇന്ന് വൈകിട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി യുനെസ്‌കോ അംഗീകരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നായിരുന്നു കോർപ്പഷൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലോഗോ പ്രദർശനവും വെബ്‌സൈറ്റ് പുറത്തിറക്കലും മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നിർവഹിക്കുന്നത്. എംടി വാസുദേവൻ നായരുമായി വേദി പങ്കിടില്ലെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പുരസ്‌കാരം നൽകുന്നതിൽ നിന്നും, ഔദ്യോഗിക പ്രഖ്യാപനത്തിൽ നിന്നും പിണറായി വിജയനെ മാറ്റി നിർത്തുന്നതെന്നാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ.
രാജ്യത്തെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തെരഞ്ഞെടുക്കുമ്പോൾ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മുഖ്യമന്ത്രി മാത്രം വിട്ടുനിൽക്കുന്നത് ശരിയല്ലെന്നും കോർപ്പറേഷനിലെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ കോഴിക്കോടുണ്ടായിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെ അദ്ദേഹം ഇന്ന് മടങ്ങുകയായിരുന്നു.















