കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് നൽകാൻ ഉണ്ണിക്കണ്ണന്റെ ചിത്രം വരച്ച് ജസ്ന സലീം. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്ക് ചിത്രം കൈമാറി. ആർഎസ്എസ് സംസ്ഥാന കാര്യാലയമായ എളമക്കരയിലെ മാധവ നിവാസിൽ സുരേഷ് ഗോപി സന്ദർശനം നടത്തിയപ്പോഴായിരുന്നു ജസ്ന താൻ വരച്ച ചിത്രം കൈമാറിയത്.
“എന്റെ ഉമ്മയുടെയും വാപ്പയുടെയും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. വാപ്പ ഒരു സാധാരണക്കാരനാണ്. വീട് എന്ന സ്വപ്നം മാറ്റിവെച്ച് ഞങ്ങൾ മൂന്നു പെൺമക്കളെ അദ്ദേഹം കെട്ടിച്ചയച്ചു. അവരുടെ ആഗ്രഹമായ വീട് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഞാൻ. അതിന്റെ ഭാഗമായി 400 ഫോട്ടോകൾക്ക് ഓർഡർ കിട്ടിയാൽ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാം. ഫോട്ടോ വേണമെങ്കിൽ ബന്ധപ്പെടുക എന്നു പറഞ്ഞു ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. അതുകൊണ്ടാണ് സുരേഷേട്ടൻ വിളിച്ചത്”.
“ആദ്യത്തെ ഫോട്ടോ തനിക്ക് വേണമെന്ന് സുരേഷേട്ടൻ പറഞ്ഞു. രണ്ടു ഫോട്ടോയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതിലൊന്ന് കേന്ദ്രമന്ത്രി അമിത് ഷായ്‌ക്ക് നൽകാനാണെന്നും പറഞ്ഞു. അങ്ങനെയാണ് സുരേഷേട്ടന് ചിത്രങ്ങൾ കൈമാറിയത്”- ജസ്ന സലീം മാധ്യമങ്ങളോട് പ്രതികരിച്ചു.















