ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം നാളെ വൈകിട്ട് ഡൽഹിയിലെത്തും. ബാർബഡോസിൽ ചുഴലിക്കാറ്റിനെ തുടർന്ന് വിമാനത്താവളങ്ങൾ അടച്ചിരുന്നു. ഇതോടെ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള യാത്രയും വൈകി. നിലവിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടീം നാളെ രാത്രിയോ മറ്റെന്നാളോ ഡൽഹിയിലെത്തുമെന്നാണ് വിവരം.
ടീമിന് ബിസിസിഐ ചാർട്ടേഡ് വിമാനം സജ്ജമാക്കിയിട്ടുണ്ട്. താരങ്ങൾക്കൊപ്പം സപ്പോർട്ട് സ്റ്റാഫും കുടുംബങ്ങളും ബിസിസിഐ ഉദ്യോഗസ്ഥരുമുണ്ട്. ഡൽഹിയിൽ എത്തുന്നതിന് പിന്നാലെ താരങ്ങൾ പ്രധാനമന്ത്രിയെ സന്ദർശിക്കുകയും വിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. ഇതിന് ശേഷം ട്രോഫിയുമായി ടീമിന്റെ വിജയ പരേഡ് നടക്കാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ബാർബഡോസിൽ ഗ്രീൻ സിഗ്നൽ ലഭിക്കുന്നത് വരെ ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇന്ന് ഉച്ചയോടെ കാറ്റിന്റെ ശക്തി കുറഞ്ഞു.
ഫൈനൽ കഴിഞ്ഞ് റിസർവ് ഡേ ആയതിനാൽ എല്ലാവരും ജൂലായ് ഒന്നിന് മാത്രമാണ് വിമാനങ്ങൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കൻ ടീമിന് നാട്ടിലേക്ക് പോകാൻ സാധിച്ചിരുന്നു..
ഇംഗ്ലണ്ടിൽ നിന്നും കാനഡയിൽ നിന്നുമുള്ള നിരവധി ആരാധകർ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. കെൻസിംഗ്ടൺ ഓവലിലായിരുന്നു ലോകകപ്പിന്റെ ഫൈനൽ പോരാട്ടം.
——By K.R. Nayar——
Bridgetown