കശ്മീർ: നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വായ്ബ ഭീകരന് സഹായങ്ങൾ കൈമാറിയ ആൾ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ അറസ്റ്റിൽ. കശ്മീർ പൊലീസും ആർമി 46 RR സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബരാമുള്ളയിലെ ഇക്കോ പാർക്ക് ക്രോസിംഗിൽ വച്ച് പിടിയിലായ ഇയാളുടെ പക്കൽ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഷാക്കിർ അഹമ്മദ് ലോൺ എന്നയാളാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ബരാമുള്ള പൊലീസും കരസേനാ വിഭാഗവും ഇക്കോ പാർക്ക് ക്രോസിംഗിൽ നടത്തിയ പട്രോളിംഗിനിടെയാണ് പ്രതി പിടിയിലാകുന്നത്. പരിശോധനയ്‌ക്കിടെ പൊലീസിനേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കണ്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പട്രോളിംഗ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് ഒരു പിസ്റ്റൾ, മാഗസിൻ, 8 പിസ്റ്റൾ റൗണ്ടുകൾ, 3 ഹാൻഡ് ഗ്രനേഡുകൾ എന്നിവയാണ് കണ്ടെടുത്തത്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയുമായി തനിക്ക് ബന്ധമുണ്ടെന്നും ബരാമുള്ള ടൗണിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വിവിധ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.















