മുംബൈ: മുംബൈയിലെ വോർളിയിൽ ബിഎംഡബ്ല്യൂ കാർ ഇടിച്ച് മത്സ്യ തൊഴിലാളിയായ സ്ത്രീ മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി മിഹിർ ഷായാണ് അറസ്റ്റിലായത്. പ്രതിയുടെ അമ്മയും സഹോദരിമാരും ഉൾപ്പെടെ 12 പേരെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുംബൈയിലെ ഷാഹ്പുരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത മൂന്ന് സ്ത്രീകളെ കേസിൽ പ്രതി ചേർക്കുമെന്നാണ് വിവരം. ആറ് സംഘങ്ങളായി ചേർന്നാണ് പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. മുംബൈ നഗരത്തിൽ നിന്ന് 65 കിലോമീറ്റർ മാറി വിരാറിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പ്രതിയായ മിഹിർ ഷാ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രതി വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. സാസൂൺ ഡോക്കിൽ വച്ചാണ് അപകടമുണ്ടായത്. ദമ്പതിമാരായ പ്രദീപ് നഖ്‌വയും കാവേരി നഖ്‌വയും സഞ്ചരിച്ച ബൈക്കിൽ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാർ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. തുടർന്ന് പ്രതി വാഹനം നിർത്താതെ പോവുകയായിരുന്നു.















