തലശ്ശേരി; തലശ്ശേരിയിലെ പ്രശസ്ത നേത്രരോഗവിദഗ്ധനും സർജനുമായിരുന്ന ഡോ. വി.ഒ മോഹൻ ബാബു അന്തരിച്ചു. 79 വയസായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിൽ ദീർഘകാലം ഒഫ്താൽമോളജി വിഭാഗത്തിൽ സേവനമനുഷ്ടിച്ചിരുന്നു. ഹോസ്പിറ്റൽ സുപ്രണ്ടായും ചുമതല വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് ആയാണ് വിരമിച്ചത്.
പിന്നീട് തലശ്ശേരി ടെലി ഹോസ്പിറ്റൽ, വാസൻ ഐ കെയർ, പികെ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. തലശ്ശേരിയിലെ സാമൂഹ്യ, സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തലശ്ശേരി ഐഎംഎയുടെ പ്രസിഡന്റ്, കേരള ഒഫ്താൽമോളജി സൊസൈറ്റി പ്രസിഡന്റ് എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.
നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. സംസ്‌കാരം വൈകുന്നേരം 3 മണിക്ക് കണ്ടിക്കൽ എൻഎസ്എസ് ശ്മശാനത്തിൽ നടക്കും.















