വെട്ടുകത്തി, റബ്ബർ ഗ്ലൗസുകൾ, സെല്ലോടേപ്പ്, നൈലോൺ ചാക്കുകൾ എന്നീ സാധനങ്ങളായിരുന്നു അയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ പൊലീസിന് ലഭിച്ചത്. ചോദിച്ചയുടനെ അയാൾ കുറ്റസമ്മതവും നടത്തി. തന്റെ ഭാര്യ അടക്കം 42 സ്ത്രീകളെ കൊന്ന് ചാക്കിലാക്കി തള്ളിയെന്ന സത്യം യുവാവ് പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
കെനിയൻ തലസ്ഥനമായ നൈറോബിയിൽ നിന്നുള്ള കോളിൻസ് ജുമാസി ഖലൂഷ എന്ന 33-കാരനാണ് സമാനതകളില്ലാത്ത കുറ്റകൃത്യം ചെയ്തത്. സൈക്കോപാത്തിക് സീരിയൽ കില്ലറായ ഇയാളെ ‘വാംപയർ’ എന്ന് പൊലീസ് വിശേഷിപ്പിക്കുന്നു.
നൈറോബിയിലെ മുറുകു എന്ന ചേരിപ്രദേശത്തെ ആളൊഴിഞ്ഞ ക്വാറിയിൽ നിന്ന് ഒമ്പത് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സീരിയൽ കില്ലറായ കൊലപാതകിയെ തപ്പി പൊലീസ് ഇറങ്ങിയത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൊബൈൽ ഫോണുകൾ, ഐഡി കാർഡുകൾ, എന്നിവ ക്വാറിക്ക് പരിസരത്തെ കെട്ടിടത്തിന് അടുത്ത് നിന്ന് ലഭിച്ചതാണ് വഴിത്തിരിവായത്. ഈ കെട്ടിടത്തിലായിരുന്നു പ്രതിയുടെ താമസം. എല്ലാവരെയും കൊന്നത് 2022ലാണെന്ന് പ്രതി വെളിപ്പെടുത്തി.
കൈക്കാലുകൾ ഛേദിക്കപ്പെട്ട നിലയിലായിരുന്നു ഒട്ടുമിക്ക മൃതദേഹങ്ങളും. പലരുടേയും ജനനേന്ദ്രിയങ്ങളിൽ മാരകമായ മുറിവുകളുണ്ടായിരുന്നു. ചിലരുടെ തലയറുക്കപ്പെട്ടു. കാര്യമായ പരിക്കില്ലാത്ത ഒരു മൃതദേഹം മാത്രമാണ് ലഭിച്ചത്.
രണ്ട് പേരെ മാത്രമാണ് ഡിഎൻഎ പരിശോധനയിൽ തിരിച്ചറിയാനായത്. ശേഷിക്കുന്നവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നു. സ്ത്രീകളെ കാണാതായപ്പോൾ ലഭിച്ച പരാതികൾ കാര്യക്ഷമമായി അന്വേഷിക്കാതിരുന്നതാണ് ഇത്രയേറെ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് വിമർശനം.















