തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെ ഉയർന്ന സൈബർ ആക്രമണത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവികൾക്ക് യുവജന കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
സൈബർ ആക്രമണം നടത്തിയ ഫെയ്സ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനും കമ്മീഷൻ നിർദേശം നൽകി. അർജുനെ രക്ഷിക്കാൻ കേരളത്തിൽ നിന്ന് പോയ സംഘത്തിലെ രഞ്ജിത് ഇസ്രായേലിനെതിരെയും സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിനെതിരെയും യുവജന കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
സൈബർ ആക്രമണത്തിൽ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അർജുനെ കണ്ടെത്തുന്നതിനുള്ള സൈന്യത്തിന്റെ രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം അമ്മ ഷീലയുടെ വൈകാരികമായ പ്രതികരണം എഡിറ്റ് ചെയ്താണ് വ്യാജ പ്രചരണം നടത്തിയത്.
തങ്ങൾക്കെതിരെയുള്ള വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
അതേസമയം, അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിനിടെ പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാവുകയാണ്. ട്രക്കിനുള്ളിലെ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും രാത്രിയിലും ഡ്രോൺ പരിശോധന തുടരുമെന്നും റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു.















