ഋഷഭ് ഷെട്ടി നായകനായ പാൻ ഇന്ത്യൻ ചിത്രം കാന്താരയുടെ പ്രിക്വലിന്റെ റിലീസ് കാര്യത്തിൽ തീരുമാനമായെന്ന് സൂചന. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചാപ്റ്റർ 2 അടുത്തവർഷം വേനലവധിക്കാലത്താകും ബിഗ് സ്ക്രീനിലെത്തുകയെന്നാണ് വിവരം. പിങ്ക് വില്ലയാണ് റിലീസ് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ആദ്യ ഭാഗം 2022 സെപ്റ്റംബർ 30നാണ് ബിഗ് സ്ക്രീനിലെത്തിയത്.
ഋഷഭ് ഷെട്ടി തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.ഔട്ട്ഡോർ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഇനി 15 മുതൽ 20 ദിവസത്തെ ഇൻഡോർ ഷൂട്ടിംഗ് മാത്രമേ ശേഷിക്കുന്നുള്ളു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ആരംഭിച്ചിട്ടുണ്ട്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വിഎഫ്എക്സിനായി കൂടുതൽ തുക ചെലവഴിക്കുന്നുണ്ട്. ആദ്യ ഭാഗത്തിന്റെ ഇരട്ടി ബജറ്റിലൊരുങ്ങുന്ന ചിത്രം വമ്പൻ ദൃശ്യാവിഷ്കാരമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കർണാടകയിൽ മാത്രം റിലീസ് ചെയ്ത കാന്താരയുടെ ആദ്യ ഭാഗം പിന്നീട് മൊഴിമാറ്റം ചെയ്ത് കേരളത്തിലും തമിഴ്നാട്ടിലും തെലങ്കാനയിലും പ്രദർശനത്തിനെത്തുകയായിരുന്നു. തൊട്ടുപിന്നാലെ ബോളിവുഡ് ആരാധകർക്കിടയിലും ഹിന്ദി വേർഷൻ ചർച്ചയായി. ബ്ലോക്ബസ്റ്ററായ ചിത്രം ബോളിവുഡിൽ നിന്ന് മാത്രം 80 കോടി കളക്ഷൻ നേടി. 16 കോടി മുതൽ മുടക്കിലെത്തിയ ചിത്രം 400-500 കോടിയാണ് ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത്.