ന്യൂഡൽഹി: ബിഎസ്എൻഎൽ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടത്തിന്റെ തോത് കുറഞ്ഞു. 8,161.56 കോടിയിൽ നിന്ന് 5,370.73 കോടിയായാണ് നഷ്ടം കുറഞ്ഞത്. ഒരു വർഷത്തിനിടെ 2,790.83 കോടിയായാണ് കുറഞ്ഞത്. ജനുവരി-മാർച്ച് പാദത്തിലെ നഷ്ടം മുൻവർഷത്തെ അപേക്ഷിച്ച് 848.89 കോടിയായും കുറഞ്ഞു. നേരത്തെ ഇത് 2.696.13 കോടിയായിരുന്നു.
ടെലികോം കമ്പനികൾ താരിഫ് കുത്തനെ കൂട്ടിയതും ബിഎസ്എൻഎലിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. ബിഎസ്എൻഎലിലേക്ക് വരുന്ന വരിക്കാരുടെ എണ്ണം, വിട്ടുപോകുന്നവരേക്കാൾ കൂടുതലായി മാറിയിരുന്നു. രാജ്യത്തേറ്റവും കൂടുതൽ പോർട്ടിംഗ് നടക്കുന്നത് കേരളത്തിലാണ്. ജൂലൈ 10 മുതൽ 17 വരെയുള്ള കാലയളവിൽ ബിഎസ്എൻഎലിൽ നിന്ന് വിട്ടുപോയത് 5,831 പേരാണെങ്കിൽ മറ്റ് കമ്പനികളിൽ നിന്ന് വന്നത് 5,921 പേരായിരുന്നു.
അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനായി ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടി.സി.എസ്) സഹകരിച്ച് ഒരു ലക്ഷം 4ജി ടവറുകൾ രാജ്യവ്യാപകമായി സജ്ജീകരിക്കും. ഇതിനായി 15,000 കോടി രൂപയുടെ കരാറിലാണ് കമ്പനി ഒപ്പുവച്ചത്.















