ന്യൂഡൽഹി: ജാർഖണ്ഡിൽ മുംബൈ-ഹൗറ മെയിലിന്റെ 18ഓളം കോച്ചുകൾ പാളം തെറ്റി. ഇന്ന് പുലർച്ചെ 3.45ഓടെയോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർ മരിച്ചതായും ഇരുപതിലധികം പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.
അപകടമുണ്ടായതിന് പിന്നാലെ നിരവധി ആളുകൾ സ്ഥലത്തേക്ക് എത്തുകയും, രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. അപകടമുണ്ടായ ട്രെയിനിന് സമീപത്ത് തന്നെ മറ്റൊരു ഗുഡ്സ് ട്രെയിനും പാളം തെറ്റിയതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ വക്താവ് ഓം പ്രകാശ് ചരൺ അറിയിച്ചു. എന്നാൽ രണ്ട് അപകടങ്ങളും ഒരേസമയം സംഭവിച്ചതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.
ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബരാബാംബു സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്. 22 കോച്ചുകളുള്ള ഹൗറ-മുംബൈ മെയിലിലെ 18 കോച്ചുകളും പാളം തെറ്റുകയായിരുന്നു. ഇതിൽ 16 എണ്ണം പാസഞ്ചർ കോച്ചുകളാണ്. അപകടത്തിൽ പരിക്കേറ്റവരെ ചക്രധർപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ഇതുവഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും റെയിൽവേ അധികൃതർ വ്യക്തമാക്കി. അപകടത്തിൽ പെട്ടവരെ കുറിച്ച് അറിയുന്നതിനായി റെയിൽവേ എമർജൻസി നമ്പറുകളും പുറത്ത് വിട്ടിട്ടുണ്ട്.