വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്താനെത്തിയ വ്യോമസേന ഹെലികോപ്ടർ ലാൻഡ് ചെയ്യിപ്പിച്ചത് എസ്റ്റേറ്റിനുളളിലെ ടാറിട്ട റോഡിൽ സാഹസീകമായ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതീവ ദുഷ്‌കരമായ ലാൻഡിംഗ് ആണ് നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പതുക്കെ താഴ്ന്നുവന്ന ഹെലികോപ്ടർ ഏറെ ശ്രമകരമായിട്ടാണ് റോഡിൽ ലാൻഡ് ചെയ്യിപ്പിച്ചത്. അന്തരീക്ഷത്തിൽ തന്നെ അർദ്ധവൃത്താകൃതിയിൽ തിരിച്ച് റോഡിന്റെ ദിശയിലാക്കിയ ശേഷമാണ് ലാൻഡ് ചെയ്തത്. തുടർന്ന് ഇവിടെ കാത്ത് നിന്നവരെയും കയറ്റി തിരിച്ചു പറക്കുകയായിരുന്നു. അവശരായവരും പ്രായമായവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരിൽ വൈദ്യസഹായം ആവശ്യമുളളവരെ പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
കോയമ്പത്തൂർ സുലൂരിലെ വ്യോമതാവളത്തിൽ നിന്ന് എത്തിയ വ്യോമസേനാ ഹെലികോപ്ടർ വൈകീട്ട് അഞ്ചരയോടെ ചൂരൽമലയിലെത്തി നിരീക്ഷണം തുടങ്ങി. പിന്നീടാണ് എയർലിഫ്ടിങ്ങ് നടപടികൾ തുടങ്ങിയത്. രാവിലെ മുതൽ ഹെലികോപ്ടർ വഴി എയർലിഫ്ടിങ്ങ് ശ്രമം ആസൂത്രണം ചെയ്തെങ്കിലും പ്രതികൂലമായ കാലാവസ്ഥ തടസ്സമായിരുന്നു. പിന്നീട് വൈകീട്ടോടെയാണ് ഹെലികോപ്ടർ ഉപയോഗിച്ചുളള രക്ഷാപ്രവർത്തനത്തിന് അനുകൂല അന്തരീക്ഷം തെളിഞ്ഞത്.

വൈകീട്ടോടെ ചൂരൽമലയിൽ ആർമിയുടെ നേതൃത്വത്തിൽ താൽക്കാലിക പാലം നിർമ്മിച്ചതോടെയാണ് മുണ്ടക്കൈ ഭാഗത്ത് നിന്നുള്ളവരെ ചൂരൽമലയിലേക്ക് എത്തിച്ചു തുടങ്ങിയത്. അതുവരെയും എൻ.ഡി.ആർ.എഫ് ടീമിന് മാത്രമാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ കഴിഞ്ഞത്.
എൻ.ഡി.ആർ.എഫിന്റെ 61 പേരടങ്ങിയ നാല് ടീം, അഗ്‌നിരക്ഷാസേനയുടെ 320 അംഗ ടീം, വനംവകുപ്പിന്റെ 55 അംഗങ്ങൾ, പോലീസിന്റെ 350 അംഗ ടീം, ആർമിയുടെ 67 അംഗ ടീം തുടങ്ങി വിവിധ സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് 122 പേരാണ് മരിച്ചത്. 116 മൃതശരീരങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. 186 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.















