ന്യൂയോർക്ക്: ദ്രുതഗതിയിലുള്ള വികസനത്തിന് ഡിജിറ്റലൈസേഷൻ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്. ഈ പാതയിലാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്. കഴിഞ്ഞ 5-6 വർഷത്തിനിടെ 800 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റാൻ ഇന്ത്യക്കായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ആളുകൾ പോലും ബില്ലുകൾ അടയ്ക്കുന്നതും പണമടയ്ക്കുന്നതും സ്മാർട്ട് ഫോൺ ഉപയോഗിച്ചാണെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം യുഎൻജിഎ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
യുഎന്നിലെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനിൽ ഭാവി തലമുറയെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിലേക്ക് നയിക്കുക എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായ ഇന്റർനെറ്റ് ഉപയോഗമാണ് ഇന്ത്യയുടെ ഈ വളർച്ചയ്ക്ക് പിന്നിലെ ഘടകമെന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഇതിന്റെ അഭാവം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
“ബാങ്കിംഗ് സംവിധാനവുമായി ഒരു ബന്ധവുമില്ലാതിരുന്ന ഇന്ത്യയിലെ ഗ്രാമീണ കർഷകർക്ക് ഇപ്പോൾ അവരുടെ എല്ലാ പണമിടപാടുകളും സ്മാർട്ട് ഫോണിലൂടെ നടത്താൻ കഴിയുന്നുണ്ട്. അവർ ബില്ലുകൾ അടയ്ക്കുന്നു. ഓർഡറുകൾക്കുള്ള പേയ്മെന്റുകൾ സ്വീകരിക്കുന്നു. 800 ദശലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. കാരണം മിക്കവാറും എല്ലാവരുടെ കയ്യിലും ഇപ്പോൾ ഒരു സ്മാർട്ട് ഫോൺ ഉണ്ട്,” യുഎൻജിഎ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ ഭരണ കാലഘട്ടത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്നു ഡിജിറ്റലൈസേഷൻ. ഇക്കാലയളവിലെ കണക്കെടുത്താൽ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളിൽ ദ്രുതഗതിയിലുള്ള വർദ്ധനവുണ്ടായിട്ടുണ്ട്. UPI ഇടപാടുകളാണ് ഇതിൽ കൂടുതലായി സംഭാവന ചെയ്തത്. ജൻധൻ, ആധാർ, മൊബൈൽ എന്നിവയുടെ ഏകോപിപ്പിച്ചുള്ള പദ്ധതികളിലൂടെ പ്രധാനമന്ത്രി ഡിജിറ്റലൈസേഷന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുകയും ഇത് ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇത് ഗ്രാമപ്രദേശങ്ങളിലെയും നഗര പ്രദേശങ്ങളിലെയും ആളുകളിലേക്ക് ഒരുപോലെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ സഹായകമായി.