2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ടീം ഇന്ത്യയെ നയിച്ച നായകനും ആ ലോകകപ്പ് ഇന്ത്യയിലെത്തിച്ചതിൽ നിർണായക സംഭാവന നൽകിയ താരവും വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. എംഎസ് ധോണിയുമായി താൻ കൂടിക്കാഴ്ച നടത്തിയ കാര്യം ജൊഗീന്ദർ ശർമ്മയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
”ദീർഘകാലത്തിന് ശേഷം മഹേന്ദ്രസിങ് ധോണിയെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം. 12 വർഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം താങ്കളെ കണ്ടത് വ്യത്യസ്തമായ അനുഭവമാണെന്ന” അടിക്കുറിപ്പോടെയാണ് ധോണിക്കൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവച്ചത്.
ജോഹന്നാസ്‌ബെർഗിൽ പാകിസ്താനെതിരെ നടന്ന ഫൈനലിൽ അവസാന ഓവർ എറിയാനെത്തിയത് ജൊഗീന്ദർ ശർമ്മയായിരുന്നു. പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസ്. ക്രീസിൽ മിസ്ബാ- ഉൾ- ഹഖ്. പരിചയസമ്പന്നനായ ഒരു ബൗളർക്ക് നൽകേണ്ട ഓവറാണ് ധോണി ജൊഗീന്ദറിന് നൽകിയത്. അവസാന 4 പന്തിൽ ജയിക്കാൻ 6 റൺസ് വേണ്ടിയിരിക്കെ മിസ്ബാ ഉൽ ഹഖിനെ ഷോർട്ട് ഫൈൻ ലെഗിൽ ശ്രീശാന്തിന്റെ കൈകളിലെത്തിച്ചാണ് ജൊഗീന്ദർ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചത്. 5 റൺസിനായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം. ഇന്ത്യക്കായി താരം അവസാനമായി കളിച്ച രാജ്യാന്തര മത്സരവും അതായിരുന്നു.
ഇന്ത്യക്കായി 4 ഏകദിനങ്ങളും 4 ട്വന്റി20 മത്സരങ്ങളും കളിച്ച താരം 5 വിക്കറ്റുകൾ നേടി. നിലവിൽ കൽക അസിസ്റ്റന്റ് പൊലീസ് കമ്മിഷണറാണ് ജൊഗീന്ദർ ശർമ്മ.















