ബെയ്‌ജിങ്: 350 ലധികം പേരുടെ ജീവൻ കവർന്ന വയനാട്ടിലെ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രധാനമന്ത്രി അനുശോചന സന്ദേശം കൈമാറിയതായും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ലി ക്വിയാങ് അനുശോചനം അറിയിച്ചതായും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു.
കേരളത്തിലെ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ് കഴിഞ്ഞ ഓഗസ്റ്റ് 3ന് പ്രധാനമന്ത്രി മോദിക്ക് അനുശോചന സന്ദേശം അയച്ചു. ദുരന്തത്തിലുണ്ടായ കനത്ത നാശനഷ്‌ടങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായി. മരിച്ചവരുടെ കുടുംബങ്ങളോടും പരിക്കേറ്റവരോടും ചൈനീസ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് കുറിച്ചു.
കഴിഞ്ഞ ജൂലൈ 30 ന് ആണ് കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടൽ ഉണ്ടാവുന്നത്. വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ദുരന്തത്തിൽ 350 അധികം പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാണെന്നും രക്ഷാപ്രവർത്തനത്തിനായി 1300 ഓളം സേനയെ വിന്യസിച്ചിട്ടുണ്ടെന്നും വയനാട് ജില്ലാ കളക്ടർ മേഘശ്രീ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ശനിയാഴ്ച സിയാച്ചിനിൽ നിന്നും ഡൽഹിയിൽ നിന്നും ഒരു ZAWER റും നാല് REECO റഡാറുകളും എയർലിഫ്റ്റ് ചെയ്തു.
പുതിയ റിപ്പോർട്ട് അനുസരിച്ച് ദുരന്ത പ്രദേശത്തു നിന്ന് 98 പുരുഷന്മാരുടെയും 87 സ്ത്രീകളുടെയും 30 കുട്ടികളുടെയും ഉൾപ്പെടെ 215 മൃതദേഹങ്ങളും 143 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 212 മൃതദേഹങ്ങളുടെയും 140 ശരീരഭാഗങ്ങളുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതായും 148 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞതായും അധികൃതർ അറിയിച്ചു.















