പാരിസ്: ഒളിമ്പിക്സ് സ്വർണ മെഡൽ എന്ന സ്വപ്നം നേടി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ ജോക്കോവിച്ച് സ്വർണം നേടിയത്. 7-6 (7-3), 7-6 (7-2) എന്നിങ്ങനെയാണ് സ്കോർ. തന്റെ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയ 37-കാരനായ ജോക്കോവിച്ച് ടെന്നിസിലെ ഏറ്റവും പ്രായമേറിയ ഒളിമ്പിക് ചാമ്പ്യനെന്ന റെക്കോർഡും സ്വന്തമാക്കി. സെർബിയൻ താരം ജോക്കോവിച്ചിനെ കഴിഞ്ഞ വിമ്പിൾഡൺ ഫൈനലിൽ അൽക്കാരസ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാരിസ് ഒളിമ്പിക്സ് ഫൈനലിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയത്. അൽക്കാരസ് വിജയിച്ചിരുന്നുവെങ്കിൽ ഒളിമ്പിക്സ് ടെന്നീസിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാകുമായിരുന്നു.