പാട്ടുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. യാത്ര ചെയ്യുമ്പോൾ, ജോലി ഭാരത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ, വിരക്തി അനുഭവപ്പെടുമ്പോൾ, ഒഴിവു സമയങ്ങളിൽ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ പാട്ടുകൾ കേൾക്കാൻ നാം ഇഷ്ടപ്പെടാറുണ്ട്. മനസിന് സന്തോഷം നൽകുന്ന പാട്ടുകൾ കേൾക്കമണമെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ എന്നും സങ്കടം നൽകുന്ന വിരഹ ഗാനങ്ങൾ കേൾക്കുന്നതും മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.
സങ്കടം വരുത്തുന്ന ഗാനങ്ങൾ കേൾക്കുന്നത് മറക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകൾ നൽകുമെങ്കിലും അതുമായി നമുക്ക് തോന്നുന്ന ആത്മബന്ധം വർദ്ധിപ്പിക്കുമെന്നാണ് ജേണൽ ഓഫ് ഏസ്റ്റൈറ്റിക് എജ്യുക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ദുഃഖങ്ങൾ ആളുകൾ പരസ്പരം പങ്കുവയ്ക്കുമെന്നും അതിലൂടെ സമാധാനം നേടാനും സാധിക്കുന്നുവെന്ന് പഠനങ്ങളിൽ പറയുന്നു. പൊസിറ്റീവ് മൂഡിലും ശോകപൂർണമായ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ആളുകളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഇത്തരം ഗാനങ്ങൾ മധുരിക്കുന്ന ഓർമ്മകളും നമ്മിൽ ഉണർത്തിയേക്കാം. സ്വയം ആത്മബന്ധം സ്ഥാപിക്കുന്നതിനും ശോകപൂർണമായ പാട്ടുകൾ കേൾക്കുന്നത് നല്ലതാണെന്നാണ് ഗവേഷകർ പറയുന്നത്.