ധാക്ക: ബംഗ്ലാദേശിലെ ഭരണകക്ഷിയായിരുന്ന അവാമി ലീഗ് പാർട്ടിയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ കത്തിച്ച് കലാപകാരികൾ. ആക്രമണത്തിൽ ഇന്തോനേഷ്യൻ സ്വദേശി ഉൾപ്പടെ 24 പേർ കൊല്ലപ്പെട്ടു.
അവാമി ലീഗിന്റെ ജോഷോർ ജില്ലാ ജനറൽ സെക്രട്ടറി ഷഹീൻ ഛക്ലാദാറിന്റെ ഉടമസ്ഥതയിൽ സ്ഥിതിചെയ്തിരുന്ന സബീർ ഇന്റർനാഷണൽ ഹോട്ടലാണ് അക്രമികൾ കത്തിയെരിച്ചത്. ഇരച്ചെത്തിയ കലാപകാരികൾ ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിന് തീയിടുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ബഹുനിലകെട്ടിടം പൂർണമായും കത്തിനശിച്ചു. ഓടിരക്ഷപ്പെടാൻ കഴിയാതിരുന്ന ജീവനക്കാരും സന്ദർശകരും എരിതീയിൽ കത്തിയമരുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയായിരുന്നു കലാപകാരികൾ അവാമി ലീഗ് നേതാക്കൾക്ക് നേരെയും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെയും തിരിഞ്ഞത്. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം തുടരുകയാണ് കലാപകാരികൾ. ക്ഷേത്രങ്ങൾ അടിച്ചുതകർത്തും ന്യൂനപക്ഷങ്ങൾ താമസിക്കുന്ന മേഖലകളിൽ അക്രമം അഴിച്ചുവിട്ടും പ്രതിഷേധക്കാർ രാജ്യം ചുട്ടെരിക്കുകയാണ്.