കോഴിക്കോട്: വയനാടിനെ വീണ്ടെടുക്കാൻ നാടൊന്നാകെ സഹായഹസ്തമൊരുക്കുമ്പോൾ കുട്ടികളും ഒപ്പമുണ്ട്. സൈക്കിൾ വാങ്ങാനും കളിപ്പാട്ടം വാങ്ങുനുമൊക്കെ സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ഇതിനിടെ വ്യത്യസ്തമാവുകയാണ് കോഴിക്കോട് തോട്ടുമുക്കം ജിയുപി സ്കൂളിലെ കുട്ടികൾ. വയനാട്ടിനായി ‘ഫ്ലാഗ് ചലഞ്ച്’ ആണ് കുട്ടികൾ നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ദേശീയ പതാകകൾ വിൽക്കുകയാണ് കുട്ടികൾ.
പ്രധാനാദ്ധ്യാപിക ഷെറീനയാണ് ഫ്ലാഗ് ചലഞ്ചിന് നേതൃത്വം നൽകുന്നത്. പിടിഎ ഭാരവാഹികളും രക്ഷിതാക്കളും കുട്ടികൾക്ക് പിന്തുണയേകുന്നുണ്ട്. കുട്ടികളുടെ നല്ല മനസ് കണ്ടറിഞ്ഞ് എല്ലാവരും പതാകകൾ വാങ്ങുന്നുണ്ട്.
വയനാട്ടിലെ ദുരിത ബാധിതർക്കായി ഇത് രണ്ടാം തവണയാണ് തോട്ടു മുക്കം ജിയുപിഎസിലെ കുട്ടികൾ കൈകോർക്കുന്നത്. ക്യാമ്പിലെ കുട്ടികൾക്കായി ശേഖരിച്ച കളിപ്പാട്ടങ്ങളുമായി കഴിഞ്ഞ ദിവസം ഇവർ വയനാട്ടിലെത്തിയിരുന്നത്.















