ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രങ്ങളെയും ഹിന്ദുസമൂഹത്തെയും ലക്ഷ്യമിട്ടുളള അക്രമങ്ങൾ വ്യാപിക്കുമ്പോൾ 583 വർഷം പഴക്കമുളള ഒരു ക്ഷേത്രത്തിന് കണ്ണിമ ചിമ്മാതെ കാവലായിരിക്കുകയാണ് 73 കാരനായ പുരോഹിതൻ. ധാക്കയിലെ ശ്രീ ശ്രീ സിദ്ധേശ്വരി കാളി മന്ദിറിലെ പുരോഹിതനായ ശേഖർ ലാൽ ഗോസ്വാമിയാണ് ഈ പ്രായത്തിലും താൻ ഉപാസിക്കുന്ന ദേവിയെയും ക്ഷേത്രവും കലാപകാരികൾക്ക് വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയെടുത്ത് കാവലിരിക്കുന്നത്. ശേഖറിന്റെ പൂർവ്വികർ പതിറ്റാണ്ടുകളായി പൂജ നടത്തുന്ന ക്ഷേത്രമാണിത്. ഇവിടുത്തെ 12ാം തലമുറയിൽ പെട്ട പുരോഹിതനാണ് ഇദ്ദേഹം.
ആശങ്ക വിതച്ച കലാപനിമിഷങ്ങൾ
ധാക്കയിലെ മൗചക് ബസാറിൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് ഇദ്ദേഹവും രണ്ട് അമ്മാവന്മാരും ഇവരുടെ കുടുംബവും താമസിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുളള സർക്കാർ വീണതോടെ രാജ്യത്ത് ഇസ്ലാമിക വാദികളുടെ തനിസ്വരൂപം പുറത്തുവന്നു. ആദ്യം സർക്കാർ സ്വത്തുക്കൾ തച്ചുടച്ച് അഴിഞ്ഞാടിയ ഭീകരവാദികൾ അടുത്ത ദിവസം തന്നെ ഹിന്ദുസമൂഹത്തിനും ബുദ്ധവിശ്വാസികൾ ഉൾപ്പെടുന്ന രാജ്യത്തെ ന്യൂനപക്ഷത്തിനും നേരെ തിരിഞ്ഞു.
പല ഭാഗങ്ങളിലും ക്ഷേത്രങ്ങൾക്കും ആരാധനാകേന്ദ്രങ്ങൾക്കുമെതിരെ അക്രമം അരങ്ങേറി. ആശങ്കപ്പെടുത്തുന്ന വാർത്തകളായിരുന്നു ശേഖർ ലാൽ ഗോസ്വാമിയെ കാത്തിരുന്നത്. എന്നാൽ ഭയന്ന് ഒരിക്കലും ക്ഷേത്രം വിട്ടുപോകില്ലെന്ന് അദ്ദേഹം തീരുമാനമെടുത്തു. അവിടെ നിന്നാണ് അഞ്ച് നൂറ്റാണ്ടിലധികം പാരമ്പര്യമുളള ആ ക്ഷേത്രത്തിന് കാവലൊരുക്കാൻ 73 ാം വയസിലും ശേഖർ ലാൽ ഗോസ്വാമി തീരുമാനിച്ചത്.
കാവലൊരുക്കി വിദ്യാർത്ഥികൾ
ക്ഷേത്രം വിട്ടുപോകില്ലെന്ന് ശേഖർ ലാൽ ഗോസ്വാമി തീരുമാനിച്ചതോടെ പിന്തുണ നൽകി ക്ഷേത്രത്തിന് കാവലാകാൻ സന്നദ്ധമായി ഒരു സംഘം വിദ്യാർത്ഥികളും രംഗത്തെത്തി. ധാക്ക സർവ്വകലാശാലയിലെ 35 അംഗ വിദ്യാർത്ഥിസംഘമാണ് ഇതിന് സന്നദ്ധമായി രംഗത്തെത്തിയത്. മൂന്ന് മണിക്കൂർ വീതമുളള ഷിഫ്റ്റുകളായിട്ടാണ് ഈ വിദ്യാർത്ഥികൾ ഇപ്പോൾ 24 മണിക്കൂറും ക്ഷേത്രത്തിന് കാവൽ നിൽക്കുന്നത്. വിദ്യാർത്ഥികളുടെ മനസ് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് ശേഖർ ലാൽ ഗോസ്വാമി പറയുന്നു. 25 ഉം 26 വയസുളളവരാണ് വിദ്യാർത്ഥി സംഘത്തിലുളളത്. ഒരിക്കലും വിധ്വംസക ശക്തികൾക്ക് ക്ഷേത്രം വിട്ടുകൊടുക്കില്ലെന്ന് ഇവർ പറയുന്നു.
പാക് സൈന്യം തട്ടിക്കൊണ്ടുപോയത് രണ്ട് തവണ
1971 ലെ ബംഗ്ലാദേശിന്റെ വിമോചന സമരകാലത്ത് രണ്ട് തവണ ശേഖർ ലാൽ ഗോസ്വാമിയെ പാക് സൈന്യം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അന്ന് 20 വയസായിരുന്നു ശേഖർ ലാലിന്. 1971 ഏപ്രിൽ17 നായിരുന്നു ഒരു സംഭവം. കാളിദേവിയുടെ നടയിൽ പുരോഹിതന്റെ ഉടയാടകളോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് പാക് പട്ടാളക്കാർ തട്ടിക്കൊണ്ടുപോയത്. തന്റെ കണ്ണൂമൂടിക്കെട്ടി സൈന്യത്തിന്റെ ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് ശേഖർ ലാൽ പറഞ്ഞു. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം പാക് സൈന്യം ശേഖറിനെ വിട്ടയച്ചു.
വർഷങ്ങൾക്ക് ശേഷം വീണ്ടും തട്ടിക്കൊണ്ടുപോയി. എന്നാൽ രണ്ട് തവണയും കാളിദേവിയുടെ അനുഗ്രഹത്താൻ തനിക്ക് ജീവനോടെ തിരികെ എത്താൻ സാധിച്ചുവെന്നാണ് ശേഖർ പറയുന്നത്. ജീവിതത്തിൽ പല ഘട്ടങ്ങളിലും പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും, അതിനെ പേടിച്ച് നാട് വിടാൻ തയ്യാറല്ലെന്നും ആ അനുഭവങ്ങളുടെ കരുത്തിൽ ഇദ്ദേഹം പറയുന്നു.
പിന്നീട് ഇന്ത്യൻ സൈന്യത്തിനും ബംഗ്ലാദേശ് സൈന്യത്തിനുമൊപ്പം പാകിസ്താൻ സൈന്യത്തിനെതിരെ പോരാടാനും ശേഖർ ലാൽ ഉണ്ടായിരുന്നു. മൂത്ത സഹോദരനും മറ്റ് എട്ടുപേർക്കുമൊപ്പം 45 ദിവസത്തെ സൈനിക പരിശീലനം നേടിയായിരുന്നു ഈ പോരാട്ടം. തന്റെ മാതൃരാജ്യത്തെ സ്വതന്ത്രമാക്കാൻ വേണ്ടിയായിരുന്നു ഈ പോരാട്ടമെന്ന് ശേഖർ ലാൽ ഗോസ്വാമി പറയുന്നു.
വർഗീയകലാപം; കുടുംബം സുരക്ഷ തേടി ഇന്ത്യയിലേക്ക്
സ്വാതന്ത്ര്യത്തിന് ശേഷം ഓട്ടോമൈബൈൽ എൻജിനീയറിംഗിൽ പഠനം തുടർന്ന്. പിന്നീട് ഉപജീവനത്തിനായി വിദേശജോലി തേടിപ്പോയി. 1990 ൽ ഗൾഫ് യുദ്ധസമയത്ത് ഇദ്ദേഹം കുവൈറ്റിലായിരുന്നു. യുദ്ധം തുടങ്ങി എട്ടാംനാൾ നാട്ടിലേക്ക് മടങ്ങി. പക്ഷെ തൊട്ടടുത്ത വർഷം ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപം അദ്ദേഹത്തെ കാത്തിരുന്ന അടുത്ത പ്രതിസന്ധിയായിരുന്നു.
സുരക്ഷ തേടി കുടുംബം ഇന്ത്യയിലേക്ക് മാറി. അവരോടൊപ്പം പോകാൻ നിർബന്ധിച്ചെങ്കിലും ശേഖർ ലാൽ അന്നും അവിടം ഉപേക്ഷിക്കാൻ തയ്യാറായില്ല. പിന്നീട് 65 ാം വയസ്സിലാണ് അമ്മാവനിൽ നിന്നും ക്ഷേത്രത്തിന്റെ പൂജാരിയായി ചുമതല ഏറ്റെടുക്കുന്നത്. അതിന് ശേഷം താൻ ഒരിക്കലും ബംഗ്ലാദേശ് വിട്ടുപോയിട്ടില്ല. ഇനിയും അത് സാധിക്കില്ലെന്നും മരിച്ചാൽ ഇവിടെ വച്ച് വേണമെന്നുമാണ് ആഗ്രഹമെന്നും ശേഖർ ലാൽ പറയുന്നു.