മൂന്ന് പതിറ്റാണ്ടിന്റെ ആത്മബന്ധം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണയും രാഖി അണിയിക്കാൻ ഒരുങ്ങി പാക് സഹോദരി ഖമർ ഷെയ്ഖ്. ഓഗസ്റ്റ് 19 ന് തിങ്കളാഴ്ച രാജ്യ വ്യാപകമായി രക്ഷാബന്ധൻ ആഘോഷിക്കുകയാണ്. തുടർച്ചയായി 30-ാം വർഷമാണ് ഖമർ ഷെയ്ഖ് നരേന്ദ്രമോദിക്ക് രക്ഷാബന്ധൻ അണിയിക്കുന്നത്.
കറാച്ചിയിലെ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച ഖമർ ഷെയ്ഖ് 1981-ലാണ് മൊഹ്സിൻ ഷെയ്ഖിനെ വിവാഹം കഴിച്ചത്. 1986ൽ ദമ്പതികൾ ഇന്ത്യയിൽ സ്ഥിര താമസമാക്കി. 1990 മുതൽ ഖമറിന് മോദിയുമായി അടുത്തബന്ധമുണ്ട്. അന്നത്തെ ഗുജറാത്ത് ഗവർണറായിരുന്ന ഡോ. സ്വരൂപ് സിംഗ് മുഖേനയാണ് പ്രധാനമന്ത്രിയെ ആദ്യമായി കണ്ടതെന്ന് ഖമർ അനുസ്മരിച്ചു. അന്ന് മുതൽ അദ്ദേഹം തന്റെ സഹോദരനാണെന്ന് ഖമർ വാർത്താ ഏജൻസിയോട് പറഞ്ഞു.
താൻ കടകളിൽ നിന്ന് രാഖികൾ വാങ്ങാറില്ലെന്ന് അവർ പറഞ്ഞു. എല്ലാ വർഷവും കൈകൊണ്ട് നിർമ്മിച്ച രാഖിയാണ് അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ കെട്ടികൊടുക്കുന്നത്. ഈ വർഷം വെൽവെറ്റിലാണ് രാഖി നിർമ്മിച്ചത്. ഇത്രയും വർഷത്തിനിടയിൽ കൊവിഡ് കാലത്ത് മാത്രമാണ് പതിവ് മുടങ്ങിയത്. കൊവിഡ് കാലത്ത് തപാലിൽ അയയ്‌ക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഓഗസ്റ്റ് 19 ന് ഡൽഹിയിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഖമർ പറഞ്ഞു.
സഹോദരിയെന്ന നിലയിൽ, മോദീജിയുടെ ആരോഗ്യത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും അവർ പറഞ്ഞു. മുമ്പൊരിക്കിൽ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് താൻ പ്രാർത്ഥിച്ചിരുന്നു. ഇത് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. വർഷങ്ങൾക്ക് ഇപ്പുറം തുടർച്ചയായി മൂന്നാം തവണയും അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കാണാൻ തനിക്ക് ഭാഗ്യമുണ്ടായി, അവർ കൂട്ടിച്ചേർത്തു.