ഭോപ്പാൽ: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ കർശന നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. അമുസ്‌ലിം കുട്ടികൾക്ക് മതപഠനം നൽകുന്ന മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കുമെന്നും അംഗീകാരം റദ്ദാക്കുമെന്നും സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ ഷിയോപൂർ ജില്ലയിലെ 50-ലധികം മദ്രസകളുടെ അംഗീകാരം സർക്കാർ റദ്ദാക്കിയിരുന്നു.
വ്യാജ പേരുകളിൽ അമുസ്ലീം കുട്ടികളെ പ്രവേശിപ്പിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മദ്രസയുടെ അംഗീകാരം റദ്ദാക്കുന്നതിനൊപ്പം സർക്കാർ ഗ്രാൻ്റും നിർത്തലാക്കും. എല്ലാ മദ്രസകളിലും ഉദ്യോഗസ്ഥതല പരിശോധന നടത്താനും വകുപ്പ് ഉത്തരവിട്ടു.
ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ മദ്രസകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിൽ മദ്രസകളിൽ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാൻ ഹിന്ദു കുട്ടികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി. കൂടുതൽ ഗാന്റ് നേടിയെടുക്കാനാണ് ഇത്തരം നടപടി. ഈ വർഷം ജൂണിലെ എൻസിപിസിആർ റിപ്പോർട്ട് അനുസരിച്ച്, മദ്ധ്യപ്രദേശിലെ മദ്രസകളിൽ 9,000-ത്തിലധികം ഹിന്ദു കുട്ടികൾ ചേർന്നതായി കണ്ടെത്തിയിരുന്നു.















